ആരോ എവിടെയോ പറഞ്ഞു, ജീവിതം ചിത്രരചന പോലെ ആണെന്ന്. നല്ല ചിത്രകാരന്‍ നല്ല ചിത്രം വരയ്ക്കുന്നു, മറിച്ചും. കുറെ റഫ് സ്കെച്ചുകള്‍ വരച്ചു പരിശീലനം നേടിയിട്ട് ഏറ്റവും മനോഹരമായത് ക്യാന്‍വാസില്‍ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി, അല്ലെങ്കില്‍ വരച്ചതു വീണ്ടും മായ്ച്ചു വരയ്ക്കാന്‍ സാധിച്ചുവെങ്കില്‍, ഒരു മന്ത്രികനെ പോലെ? സ്ലേറ്റുപുസ്തകം നിറയെ വരകള്‍ കോറിയിട്ടിട്ട് അതു മായ്ക്കാന്‍ വെറ്റമഷിത്തുണ്ടില്ലാതെ നിറകണ്ണുകളോടെ അദ്ധ്യാപകനെ നോക്കുന്ന കൊച്ചുകുട്ടിയുടെ ഭാവവുമായി ഇവിടെ ഞാന്‍...പക്ഷേ, ആരെയാണു, എവിടേയ്ക്കാണ് ഞാന്‍ നോക്കുക?!
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!