
അലതല്ലി ഒഴുകുന്ന സൌപര്‍ണ്ണികയുടെ ഇരമ്പല്‍ അകലെ നിന്നേ പവിത്ര കേട്ടു. അവളുടെ ഉള്ളില്‍ പേരറിയാത്ത ഒരു വികാരം മുളപൊട്ടി. അത് ഭയമാണോ, മുറിപ്പെട്ട മനസ്സിന്റെ നീറ്റലാണോയെന്നു അവള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പഴന്തുണിയില്‍ പൊതിഞ്ഞിരിക്കുന്ന ചോരക്കുഞ്ഞിനെ, തന്റെ പിഞ്ചുപൈതലിനെ മാറോടടക്കി പിടിച്ചുകൊണ്ടു പവിത്ര അതിവേഗം നടന്നു, സൌപര്‍ണ്ണികാ തീരം ലക്ഷ്യമാക്കി.
ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ പിന്തിരിഞ്ഞു നോക്കരുതെന്ന് അറിയാമായിരുന്നെങ്കിലും തന്റെ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ പവിത്രക്ക് കഴിഞ്ഞില്ല. ഓര്‍മ്മകള്‍ക്കെന്നും തങ്കത്തിളക്കമായിരുന്നു, ഓണവെയിലിന്റെ ചാരുതയായിരുന്നു. ഓര്‍മ്മകളെന്നും സമൃദ്ധിയുടേതായിരുന്നു. ഓണവും, ഓണത്തുമ്പിയും, അടിയാന്മാരുടെ കാഴ്ചക്കുലകളും, വിഷുക്കൈനീട്ടം പോലെ മുത്തശ്ശിയെന്നും നെറുകയില്‍ നല്‍കുന്ന വാത്സല്യ മുത്തവും എല്ലാം നിറഞ്ഞ ഓര്‍മ്മകള്‍ . ആയിരപ്പറ പാടത്തിനക്കരെ കിടാത്തനെ പാടിയുറക്കുന്ന ചിരുതയുടെ താരാട്ടു കേള്‍ക്കാം. കളിതമാശകളും, പൊട്ടിചിരിയും നിറഞ്ഞിരുന്ന തറവാടിന്റെ പൂമുഖത്തു കനമാര്‍ന്ന മൌനം കൂടുകെട്ടിയതെന്നാണെന്നു ശരിയായി ഓര്‍ക്കാനിന്നും കഴിയുന്നില്ല. തറയില്‍ വീണുകിടക്കുന്ന ശര്‍ക്കര തുണ്ഡില്‍് ഉറുമ്പുകള്‍ അരിച്ചരിച്ചു എത്തും പോലെ പതിയെ നഷ്ടനൊമ്പരങ്ങള്‍ മനസ്സില്‍ ചിറകു വിരിച്ചു.
ജീവിത പന്ദ്താവില്‍ എന്നാണു കാലിടറിയതു? ഒരു പുരുഷാര്‍ധം കൊണ്ടു നേടിയതെല്ലാം കപടസുഹൃത്തുക്കളുടെ വഞ്ചനയ്ക്കു മുന്‍പില്‍ അടിയറ വച്ചു പടിയിറങ്ങേണ്ടി വന്ന അച്ച്ഛന്റെ നിസ്സഹായതയിലോ?, ജീവിതത്തിന്റെ കനല്‍ക്കാറ്റില്‍ ചിറകുകള്‍ കരിഞ്ഞു ആത്മഹത്യയുടെ മുനമ്പില്‍ നിന്നും താഴേക്കു വീണുപോയ പാഴ്ജന്മങ്ങളുടെ ഉരുവായ് പിറന്നപ്പോഴൊ? സ്നേഹിച്ചവരെല്ലാം ഒന്നായ് പറന്നുപോയപ്പോള്‍ തന്നെമാത്രം ശേഷിപ്പിച്ച വിധിയുടെ ക്രൂരവിനോദത്തിലോ? ചോദ്യങ്ങള്‍ ഏറെയുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍, ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട ഭൂമിയിലെന്ന പോലെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുവാന്‍ തുടങ്ങിയപ്പോള്‍ പവിത്ര അവയെ ആട്ടിയകറ്റാന്‍ ഒരു പാഴ്ശ്രമം നടത്തി.
പ്രഭാതം എത്ര അകലെയാണെന്നു അറിയില്ല. പക്ഷേ സൂര്യനുണരും മുന്‍പ് സൌപര്‍ണ്ണികയിലെത്തണം. അവളുടെ മാറോടു ചേര്‍ന്നുറങ്ങിയിരുന്ന കുഞ്ഞ് ഒരു ദുസ്വപ്നം കണ്ടിട്ടെന്ന പോലെ ഉണര്‍ന്നു കരഞ്ഞു. ആ കരച്ചില്‍ അവളെ കിടിലം കൊള്ളിച്ചു. തന്റെ പാപത്തിന്റെ ഫലം, ദൌര്‍ഭാഗ്യത്തിന്റെ ചലിക്കുന്ന പ്രതീകം. ആ കുഞ്ഞിന്റെ ഓരോ കരച്ചിലിലും ശപിക്കപ്പെട്ട ആ രാത്രിയിലെന്ന പോലെ അവള്‍ വിറച്ചു. തനിക്കു ഈ മകനോട് തോന്നുന്ന വികാരമെന്താണ്. അതു സ്നേഹമോ, വാത്സല്യമോ അല്ല. തന്റെ മുലകള്‍ ഇതുവരെ അവനു വേണ്ടി ചുരത്തിയിട്ടില്ല. വെറുപ്പില്ല, ദേഷ്യമില്ല; ഒരു തരം മരവിച്ച നിര്‍വ്വികാരത!
ഏതു പൂര്‍വ്വപാപത്തിന്റെ പരിഹാരാര്‍ഥമാണിവന്‍ തന്റെ വയറ്റില്‍ വന്നു പിറന്നത്? പഴയ ശരീരത്തില്‍ നിന്നും പുതിയ ശരീരത്തിലേക്കുഅള്ള ആത്മാവിന്റെ പ്രയാണത്തില്‍ വഴിതെറ്റിയെത്തിയ സത്രമായിരിക്കാം തന്റെ ശപിക്കപ്പെട്ട ഗര്‍ഭപാത്രം. എങ്കിലും താനിവനു അമ്മയാണ്; മോക്ഷദായിനിയായ അമ്മ!. തനിക്ക് പിറന്ന ഏഴ് പുത്രന്മാര്‍ക്കും ശാപമോക്ഷം നല്‍കിയ ഗംഗാദേവിയെ അവള്‍ മനസാ നമിച്ചു. പവിത്ര കലിയുഗ ഗംഗയായി. സ്വന്തം അച്ച്ഛനാരെന്നറിയാതെ, ഒട്ടിയ വയറും, ഉന്തിയ കണ്ണുകളും, ശോഷിച്ച കാലുകളുമായ് ഒരു ബാല്യം കൂടി ഈ ഭൂമിയില്‍ - വേണ്ട. അമ്മ മോക്ഷദായിനിയാണ്. പവിത്ര കലിയുഗ ഗംഗയായി.
മുത്തശ്ശിയുടെ മടിയില്‍ കിടന്നു കേട്ടിട്ടിള്ള പവിത്രമായ മാതൃത്വത്തിന്റെ കധകള്‍ അവള്‍ ഓര്‍മ്മിച്ചു. അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെയില്ല. ഒരു സ്ത്രീ അമ്മയായി, തന്റെ കുഞ്ഞുങ്ങളെ ഓമനിച്ചു വളര്‍ത്തുമ്പോഴാണത്രെ തന്റെ അമ്മയുടെ ത്യാഗത്തിനുള്ള അര്‍പ്പണമാകുന്നത്. ഈ ജന്മം തനിക്കതിനുള്ള യോഗമില്ല. അമ്മേ, ഭാഗ്യഹീനയായ ഈ മകളോട് ക്ഷമിക്കൂ. അവളുടെ ഹൃദയമൊന്നു തേങ്ങി.
മരം കോച്ചുന്ന ആ തണുപ്പിലും സൌപര്‍ണ്ണികയിലെ വെള്ളത്തിനു ഇളം ചൂടുണ്ടായിരുന്നു. കിഴക്ക് സൂര്യനുദിക്കും മുന്‍പ് വേണം, ഈ ക്രൂരമായ ലോകത്തില്‍ ഇനിയൊരു നാള്‍ കൂടി തന്റെ മകന്‍ വേണ്ട! പവിത്ര കലിയുഗ ഗംഗയായി. തന്റെ മാറില്‍ ഇറുക്കി പിടിച്ചിരിക്കുന്ന മൃദുവായ ആ കരങ്ങള്‍ അവള്‍ വേര്‍പെടുത്തി. തന്റെ പാപത്തിന്റെ സ്രഷ്ടി അവള്‍ സൌപര്‍ണ്ണികയില്‍ സമര്‍പ്പിച്ചു. അകലെ കുന്നുകളുടെ ഹൃദയം അലിയുമാറു ആ പിഞ്ചുപൈതല്‍ കരഞ്ഞു. സൌപര്‍ണ്ണിക തന്റെ കരങ്ങളില്‍ അവനെ ഏറ്റുവാങ്ങി. ആ നിമിഷാര്‍ത്ധ്ത്തില്‍ പവിത്രയുടെ മുലകള്‍ തന്റെ മകനുവേണ്ടി ചുരത്തി. അവളുടെ കൈകള്‍ അറിയാതെ തന്റെ അടിവയറില്‍ തലോടി. സൌപര്‍ണ്ണികയുടെ ആഴങ്ങളില്‍ അവള്‍ മുങ്ങി നിവര്‍ന്നു. അവള്‍ പാപമുക്തയായി. അവളുടെ കൈകളില്‍ സൃഷ്ടിയുടെ മഹാരഹസ്യം അറിഞ്ഞിട്ടെന്ന പോലെ ആ കുഞ്ഞ് പുഞ്ചിരിച്ചു. കിഴക്കന്‍ ചക്രവാളത്തില്‍ നിന്നും സൂര്യന്‍ അവരുടെ മേല്‍ പൊന്‍പ്രഭ തൂകി. അപ്പോഴും പവിത്രയുടെ മുലകള്‍ ചുരത്തുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ